പാലക്കാട്: പാലക്കാട് സ്വദേശിയായ യുവാവിനെ കൊടൈക്കനാൽ യാത്രയ്ക്കിടെ കാണാതായതായി പരാതി. തച്ചമ്പാറ മുരിങ്ങേനി വീട്ടിൽ വിഷ്ണു (31)വിനെയാണ് മൂന്നാഴ്ചയായി കണ്ടെത്താനാകാത്തത്.
ആറ് സുഹൃത്തുക്കൾക്കൊപ്പം ജൂൺ 28-നാണ് വിഷ്ണു കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയത്. ജൂൺ 30-ന് കൊടൈക്കനാലിലെ ഹോംസ്റ്റേയിൽ നിന്നാണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് കുടുംബം പറയുന്നു. അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
സംഭവത്തിൽ കൊടൈക്കനാൽ പൊലീസിലും പാലക്കാട് കല്ലടിക്കോട് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. വിഷ്ണുവിന്റെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
മൂന്നാഴ്ച പിന്നിട്ടിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നും വിഷ്ണുവിനെ കണ്ടെത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.













