ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സി.ജെ.പി. സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 21-കാരി വെന്റിലേറ്ററിൽ തുടരുന്നു. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ഡൽഹിയിലെ ആർ.എം.എൽ. ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്.
സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതിഷേധക്കാരെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാൾ എന്നിവർ ആശുപത്രിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്ന് ചികിത്സാ സംവിധാനങ്ങളും നിലവിലെ സാഹചര്യവും വിലയിരുത്തി.
ഇതിനിടെ സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെ ആശുപത്രിയിലെത്തി പരിക്കേറ്റ യുവതിയെ സന്ദർശിച്ചു. തുടർന്ന് നടത്തിയ പ്രതികരണത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്തവരോടും പൊതുജനങ്ങളോടും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പ്രതിഷേധക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും പ്രത്യേകിച്ച് ഗുരുതരമായി പരിക്കേറ്റ വനിതാ പ്രതിഷേധക്കാരിയോട് മാപ്പ് പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയത്. സംഘർഷത്തിൽ വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് എത്രപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന കാര്യം ഇതുവരെ വ്യക്തമല്ല. കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.




