ന്യൂഡൽഹി: ഡൽഹിയിലെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ആം ആദ്മി പാർട്ടിക്ക് ലഭിച്ച സംഭാവനയിൽ വലിയ കുറവ്. 2025-26 സാമ്പത്തിക വർഷത്തിൽ പാർട്ടിക്ക് ലഭിച്ച വെളിപ്പെടുത്തിയ സംഭാവന 12.10 കോടി രൂപയായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷം ഇത് 38.10 കോടി രൂപയായിരുന്നു. ഇതോടെ സംഭാവനയിൽ 68 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
2023-24 സാമ്പത്തിക വർഷത്തിൽ എ.എ.പിക്ക് 11.06 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. 2024-25ൽ ഇത് 38.10 കോടി രൂപയായി ഉയർന്നിരുന്നു. എന്നാൽ 2025-26ൽ വീണ്ടും 12.10 കോടി രൂപയായി കുറഞ്ഞു. 2025 ഫെബ്രുവരിയിൽ ഡൽഹിയിലെ ഭരണം നഷ്ടപ്പെട്ടതിന് ശേഷമുള്ള ആദ്യ സമ്പൂർണ സാമ്പത്തിക വർഷമാണിത്. നിലവിൽ പഞ്ചാബിലാണ് എ.എ.പി ഭരണത്തിലുള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ 1,202 സംഭാവന എൻട്രികളാണുള്ളത്. പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ 30,000 രൂപയും ഡൽഹി മുൻ മുഖ്യമന്ത്രി ആതിഷി 42,000 രൂപയും സംഭാവന നൽകി. പഞ്ചാബ് എഎപി അധ്യക്ഷൻ അമൻ അറോറ 1.20 ലക്ഷം രൂപയും നൽകി. മുൻ എഎപി വക്താവ് അശുതോഷ് റാങ്കയും പാർട്ടിക്ക് 21,100 രൂപ സംഭാവന നൽകിയിട്ടുണ്ട്. പിന്നീട് അദ്ദേഹം കോക്രോച്ച് ജനതാ പാർട്ടിയുടെ സഹ കൺവീനറായി.
അതേസമയം, 2025-26ൽ എഎപിക്ക് ലഭിച്ച മൊത്തം സംഭാവനയുടെ ഏകദേശം 83 ശതമാനവും രണ്ട് സ്ഥാപനങ്ങളിൽ നിന്നാണ് ലഭിച്ചത്. ട്രൈഡന്റ് ലിമിറ്റഡും പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റും അഞ്ച് കോടി രൂപ വീതം സംഭാവന നൽകി.
എഎപി മുൻ രാജ്യസഭാംഗം രാജീന്ദർ ഗുപ്ത സ്ഥാപിച്ച ട്രൈഡന്റ് ലിമിറ്റഡ് 2026 ജനുവരി ഒൻപതിന് ചെക്ക് മുഖേനയാണ് അഞ്ച് കോടി രൂപ നൽകിയത്. ഗുപ്ത 2026 ഏപ്രിലിൽ ബിജെപിയിൽ ചേർന്നിരുന്നു. നിലവിൽ അദ്ദേഹം പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളുടെ നിയമപരമായ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് എഎപി തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചത്.



