യുപി: ഉത്തർപ്രദേശിലെ മോർവാനിൽ ഉണ്ടായ ആസിഡ് ആക്രമണത്തിൽ യുവതി മരിച്ചു. 23 വയസ്സുള്ള കാജൽ ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി രാംകോള പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വീട്ടിൽ ഉറങ്ങവേ മേൽക്കൂര വഴി അകത്ത് കയറിയ അജ്ഞാതൻ കാജലിനും അമ്മയായ ലീലാവതി ദേവിക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാവിലെ കാജൽ മരിച്ചു. 58 വയസ്സുള്ള അമ്മ ലീലാവതി ദേവി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.




