കൊല്ലം: മലയാള സിനിമയിലും നാടകവേദിയിലും ശ്രദ്ധേയനായ നടനും സംവിധായകനുമായ ഇ. എ. രാജേന്ദ്രൻ (71) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.
ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും. ‘കളിയാട്ടം’, ‘പട്ടാഭിഷേകം’, ‘തച്ചിലേടത്ത് ചുണ്ടൻ’, ‘നരസിംഹം’, ‘മീശമാധവൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ കാരക്ടർ റോളുകളും വില്ലൻ വേഷങ്ങളും അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധ നേടി. നാടകരംഗത്തും ടെലിവിഷൻ സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു.
പ്രശസ്ത നാടക അഭിനേതാക്കളായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് ഭാര്യ. മകൻ ദിവ്യദർശൻ സിനിമാ അഭിനേതാവാണ്. നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവുമാണ് ഇ. എ. രാജേന്ദ്രൻ.






