കൊച്ചി: മൂവാറ്റുപുഴ വളയൻചിറങ്ങരയിൽ കനാലിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടിൽ റിനാസ് (15) ആണ് മരിച്ചത്. വളയൻചിറങ്ങര ഐടിസിക്ക് പിന്നിലെ പെരിയാർവാലി കനാലിലാണ് അപകടം സംഭവിച്ചത്. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിനാസ്.
ഇന്നലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പോയതായിരുന്നു. കനാലിൽ വെള്ളം നിറഞ്ഞും ശക്തമായ ഒഴുക്കും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. റിനാസിന് നീന്താൻ അറിയില്ലായിരുന്നു. കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട റിനാസിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ കുറച്ച് അകലെയുള്ള കടവിൽ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. നിയമ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.






