കേരളത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന പൈശാചികതയിൽ നിന്ന് യുവതയെ രക്ഷിക്കാൻ ആഭ്യന്തര വകുപ്പും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് രൂപം നൽകിയ വൻപദ്ധതിയാണ് ‘ഓപ്പറേഷൻ തൂഫാൻ’. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിന്റെ ഓരോ മുക്കും മൂലയും ലഹരിമുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ യജ്ഞം മുന്നേറുന്നത്. ലഹരി മാഫിയകൾക്കെതിരെയുള്ള പോരാട്ടം കേവലം ക്രമസമാധാന പാലനം മാത്രമായി കാണാതെ, നാടിന്റെ ഭാവിയെ കാത്തുസൂക്ഷിക്കാനുള്ള ഒരു വലിയ ജനകീയ പ്രതിരോധമാക്കി മാറ്റുകയാണ് ആഭ്യന്തര വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെയും സാംസ്കാരിക നായകരെയും അണിനിരത്തി കേരളത്തിലെ 14 ജില്ലകളിലും വലിയ രീതിയിലുള്ള ബോധവൽക്കരണ ക്യാമ്പയിനുകളാണ് സംഘടിപ്പിച്ചുവരുന്നത്. കേരളത്തിലെ അമ്മമാരും സഹോദരിമാരുമാണ് ഓപ്പറേഷൻ തൂഫാന്റെ ഏറ്റവും വലിയ പ്രചാരകർ എന്നാണ് ചെന്നിത്തല വിശേഷിപ്പിച്ചത്.
കേരളത്തിന്റെ ഈ മഹത്തായ പോരാട്ടത്തിൽ അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും അടക്കം 5 സംസ്ഥാനങ്ങൾ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഹരിവസ്തുക്കളുടെ അനധികൃത കടത്ത് തടയുന്നതിനായി കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പരിശോധന കർശനമാക്കാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സംവിധാനങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും പരസ്പരം കൈകോർത്ത് പ്രവർത്തിക്കുന്നതിലൂടെ അതിർത്തി കടന്നുള്ള ലഹരി മാഫിയകളുടെ ശൃംഖല പൂർണ്ണമായി തകർക്കാൻ സാധിക്കുമെന്ന് തന്നെയാണ് ചെന്നിത്തല വിശ്വസിക്കുന്നത്. കർണാടക സർക്കാരിന്റെ പൂർണ പിന്തുണ മുഖ്യമന്ത്രി ഡികെ ശിവകുമാർ നൽകിയിട്ടുണ്ട്. ഈ സഹകരണം ലഹരി നിർമ്മാർജ്ജനത്തിൽ വൻ വഴിത്തിരിവായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ രാജ്യം കണ്ട ലഹരിക്കെതിരെയുള്ള ഏറ്റവും വലിയ പോരാട്ടമായി തൂഫാൻ പതിയെ മാറുകയാണ്.
ഓപ്പറേഷൻ തൂഫാന് ആഗോളതലത്തിൽ ശ്രദ്ധ നേടാനും യുവാക്കളിൽ വലിയ മാറ്റം കൊണ്ടുവരാനുമായി പ്രമുഖ താരങ്ങളും പ്രസ്ഥാനങ്ങളും ഒന്നിക്കുകയാണ്. ഓപ്പറേഷൻ തൂഫാന്റെ ആദ്യ ‘തൂഫാൻ വാരിയർ’ ആയ മോഹൻലാലിനൊപ്പം വേദി പങ്കിടാൻ തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ തലവനുമായ വിജയ് കൊച്ചിയിൽ എത്തുന്നതോടെ ഈ പ്രചാരണത്തിന് പുത്തൻ ഉണർവ് ലഭിക്കും. രണ്ടാഴ്ച മുമ്പ് ചെന്നൈയിൽ നേരിട്ടെത്തിയാണ് രമേശ് ചെന്നിത്തല വിജയിയെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയിയുടെ ആദ്യ കേരള സന്ദർശനം കൂടിയായിരിക്കും ഇത്. ആധുനിക തലമുറയിലും യുവാക്കളിലും വിജയിക്കുള്ള വമ്പിച്ച സ്വാധീനം ലഹരി ആസക്തിയിൽ നിന്ന് യുവത്വത്തെ പിന്തിരിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്ന് ആഭ്യന്തര വകുപ്പ് കരുതുന്നു. കേരളത്തിന്റെ പോരാട്ടത്തിന് ശക്തമായ പിന്തുണയാണ് വിജയ് ഉറപ്പ് തന്നിരിക്കുന്നത്.
അതേസമയം, കേരളത്തിലും ടിവികെ രാഷ്ട്രീയമായും സാമൂഹികമായും വേരുറപ്പിച്ചു വരികയാണ്. വിജയിയുമായി അടുത്ത ബന്ധം പുലർത്തുന്ന സതീഷ് തോന്നയ്ക്കലിന്റെ നേതൃത്വത്തിൽ കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക, നിയമ, സിനിമാ രംഗങ്ങളിൽ നിന്നുള്ള ഒട്ടേറെ പ്രമുഖരാണ് ഇതിനകം പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയത്. ഓപ്പറേഷൻ തൂഫാനിൽ TVK കൂടി പങ്കാളികളാകുമ്പോൾ അത് കേരള ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറും. ഇതിന്റെ ഭാഗമായി TVK കേരള കൂട്ടായ്മ സംസ്ഥാനത്തെ 14 ജില്ലകളിലും ജനകീയ കമ്മിറ്റികൾ രൂപീകരിക്കുകയും പഞ്ചായത്ത് തലം മുതൽ സന്നദ്ധ പ്രവർത്തകരെ സജ്ജരാക്കുകയും ചെയ്യും.
പോലീസിനും എക്സൈസ് വിഭാഗത്തിനും ആവശ്യമായ വിവരങ്ങളും സഹായങ്ങളും നൽകുന്നതിനൊപ്പം അതിർത്തി പ്രദേശങ്ങളിലെ പ്രാദേശിക നിവാസികളെ ഉൾപ്പെടുത്തി വിപുലമായ ജനകീയ കൂട്ടായ്മകൾ രൂപീകരിക്കാനും പദ്ധതിയുണ്ട്. പോലീസിന്റെ കർശന നടപടികളും, അതിർത്തി സംസ്ഥാനങ്ങളുടെ സഹകരണവും, സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തവും ഒന്നിക്കുന്നതോടെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിക്കെതിരെയുള്ള കേരളത്തിന്റെ അതിശക്തമായ പ്രതിരോധ കോട്ടയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
ഇതുവരെ ഏഴായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും എണ്ണായിരത്തിലധികം കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ശേഖരമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് പിടിച്ചെടുത്തത്. കേസുകൾ എടുത്തു ജയിൽ നിറയ്ക്കുകയല്ല സർക്കാരിന്റെ ലക്ഷ്യം. വഴിതെറ്റിപ്പോയവരെ തിരികെ കൊണ്ടുവരികയാണ്. ലഹരി ഉപയോഗിച്ച് വഴിതെറ്റിപ്പോയവരെ തിരികെക്കൊണ്ടുവരുന്നതിനുള്ള തൂഫാൻ കെയർ ആണ് ഓപ്പറേഷൻ തൂഫാന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. ഇതിനായി സംസ്ഥാനത്തെ 35 പ്രമുഖ ആശുപത്രികളുമായി സർക്കാർ കൈകോർത്തു കഴിഞ്ഞു.
അയൽ സംസ്ഥാനങ്ങളെല്ലാം ഒരേ ലക്ഷ്യത്തോടെ ഒന്നിച്ച് നിന്നാൽ ലഹരി മാഫിയയെ അടിച്ചമർത്തുക എളുപ്പമാകും. എല്ലായിടത്തും ഒരേപോലെ പരിശോധനയും മറ്റും ഉണ്ടാകുമ്പോൾ മാറി മാറി പ്രവർത്തിക്കാനുള്ള അവസരം മയക്കുമരുന്ന് ലോബികൾക്ക് നഷ്ടമാകും. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ലഹരിക്കടത്ത് തടയാൻ കഴിഞ്ഞാൽ തന്നെ വലിയ ആശ്വാസമാണ്. കേരളത്തിലേക്ക് എത്തുന്ന ലഹരിയുടെ സിംഹഭാഗവും ഈ രണ്ട് അതിർത്തികളിലൂടെയാണ്. സംസ്ഥാനങ്ങൾക്ക് പുറമെ കേന്ദ്ര ഏജൻസികളുടെ പിന്തുണയും നേടാൻ ചെന്നിത്തലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.




