കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി വാദം കേൾക്കും. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അപ്പീൽ കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
അതേസമയം, അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവുമാണ് കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇവ മുദ്രവച്ച കവറിൽ ഒരു മാസത്തിനകം സമർപ്പിക്കണമെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് നിർദേശിച്ചിട്ടുണ്ട്.
മെമ്മറി കാർഡിന്റെ പരിശോധനയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം ആവശ്യപ്പെടുന്ന വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിൽ പ്രോസിക്യൂഷൻ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസിലെ പ്രധാന തെളിവുകൾ വിചാരണക്കോടതി കസ്റ്റഡിയിലിരിക്കെ മൂന്നു തവണ നിയമവിരുദ്ധമായി പരിശോധിച്ചുവെന്നാണ് അതിജീവിതയുടെ ആരോപണം. തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഉൾപ്പെട്ടതിനാൽ ഇത് മൗലികാവകാശ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്ന ആവശ്യവും അതിജീവിത മുന്നോട്ടുവെച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് സമർപ്പിച്ചത്.






