തൃശ്ശൂർ: ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പൊൻകുന്നം പുതുപറമ്പിൽ എലിസബത്ത് (25) ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29)എന്നിവരാണ് പിടിയിലായത്.
വടക്കഞ്ചേരി പൊലീസാണ് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിൽ ഇരുവരെയും പിടികൂടിയത്. ഞായറാഴ്ച രാവിലെ ഇവർ ബംഗളൂരുവിൽ നിന്ന് വ്യത്യസ്ത ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. പിന്നീട് പന്നിയങ്കരയിൽ ബസ് ഇറങ്ങി മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ ഇവരിൽ നിന്ന് മൊത്തം 46 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി. ഇവരിൽ ഷാഹുലിന്റെ പാന്റ്സ് പോക്കറ്റിൽ നിന്നും 244.089 ഗ്രാം ലഹരിയും, എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്ന് 21.164 ഗ്രാം ലഹരിയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇരുവരും ബെംഗളൂരുവിൽ നിന്ന് ലഹരി വാങ്ങിയതാണെന്ന് സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. അന്തർസംസ്ഥാന ലഹരി കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് ഉൾപ്പെടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





