ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിൽ ചില ബിജെപി എംഎൽഎമാർ കൂറുമാറി കോൺഗ്രസിന് വോട്ട് ചെയ്തെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം ശക്തമാക്കി. വിഷയത്തിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി ധർമ്മസ്ഥലയിൽ ബിജെപി നിയമസഭാ കക്ഷി യോഗം വിളിച്ചുചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അറിയിച്ചു.
പാർട്ടി സ്ഥാനാർഥികൾക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ എംഎൽഎമാരോട് ധർമ്മസ്ഥല മഞ്ജുനാഥ സ്വാമിയുടെ സന്നിധിയിൽ സത്യം ചെയ്യാൻ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കൂറുമാറിയുള്ള വോട്ടെടുപ്പിനെ പാർട്ടിയോടുള്ള വഞ്ചനയെന്ന് വിശേഷിപ്പിച്ച വിജയേന്ദ്ര, ദൈവവിശ്വാസികളായ അംഗങ്ങൾ വിശുദ്ധ തീർത്ഥാടന കേന്ദ്രത്തിൽ സത്യം ചെയ്യുമ്പോൾ യഥാർഥ വിവരം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു.
ദക്ഷിണ കന്നഡ ജില്ലയിലെ നേത്രാവതി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന, 800 വർഷത്തിലേറെ പഴക്കമുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് ധർമ്മസ്ഥല. മഞ്ജുനാഥ സ്വാമിയുടെ സന്നിധിയിൽ കള്ളം പറയുന്നവർക്ക് അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന വിശ്വാസവും പ്രദേശത്തുണ്ട്.
എംഎൽസി തെരഞ്ഞെടുപ്പിൽ കുറഞ്ഞത് നാല് ബിജെപി എംഎൽഎമാരെങ്കിലും കൂറുമാറി വോട്ട് ചെയ്തതായി പാർട്ടിക്കുള്ളിൽ സംശയമുണ്ട്. ഇതോടെ പാർട്ടിയിലെ 63 എംഎൽഎമാരും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഈ സംഭവം പ്രവർത്തകർക്കിടയിൽ കടുത്ത അമർഷത്തിനും നിരാശയ്ക്കും കാരണമായിട്ടുണ്ടെന്നും വിജയേന്ദ്ര പറഞ്ഞു.
ആരോപണങ്ങൾ ശരിവെക്കപ്പെടുന്ന പക്ഷം, എത്ര മുതിർന്ന നേതാക്കളായാലും കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വോട്ട് ചോർച്ചയെക്കുറിച്ച് അന്വേഷിക്കാൻ സി.ടി. രവി, മഹേഷ് തെങ്കിനകായ്, എൻ. മഹേഷ് എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതിയെയും ബിജെപി നിയോഗിച്ചിട്ടുണ്ട്.
വിഷയത്തിൽ ദേശീയ നേതൃത്വവുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിജയേന്ദ്ര അറിയിച്ചു. പ്രതിപക്ഷ നേതാവ് ആർ. അശോകിനൊപ്പം അദ്ദേഹം ഉടൻ ദില്ലിയിലെത്തി കേന്ദ്ര നേതൃത്വത്തെ കാണും. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ബിജെപി ഹൈക്കമാൻഡ് അടിയന്തരമായി ദില്ലിയിലേക്ക് വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
കോൺഗ്രസിന് അധിക വോട്ടുകൾ; ബിജെപി-ജെഡിഎസ് വോട്ടുകൾ ചോർന്നതായി സൂചന
ഏഴ് സീറ്റുകളിലേക്ക് നടന്ന എംഎൽസി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സീറ്റുകൾ നേടിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ബിജെപി രണ്ട് സീറ്റുകൾ നേടിയപ്പോൾ, ജെഡിഎസിന് ഒരു സീറ്റിലും വിജയിക്കാനായില്ല.
വോട്ടെണ്ണൽ പരിശോധിച്ചപ്പോൾ പ്രതിപക്ഷ നിരയിൽ നിന്ന് വ്യാപകമായ വോട്ട് ചോർച്ച നടന്നതായി വ്യക്തമായി. 140 വോട്ടുകൾ പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് സ്ഥാനാർഥികൾക്ക് 151 വോട്ടുകൾ ലഭിച്ചു. 64 എംഎൽഎമാരുള്ള ബിജെപിയുടെ രണ്ട് സ്ഥാനാർഥികൾക്ക് ആകെ ലഭിച്ചത് 56 വോട്ടുകൾ മാത്രമായിരുന്നു. 18 അംഗങ്ങളുള്ള ജെഡിഎസ് സ്ഥാനാർഥിക്ക് ലഭിച്ചതാകട്ടെ 14 വോട്ടുകൾ മാത്രം.
രഹസ്യ ബാലറ്റ് സമ്പ്രദായമായതിനാൽ കൂറുമാറിയവരെ കൃത്യമായി തിരിച്ചറിയുക പ്രയാസമാണെന്നും അതിനാലാണ് എല്ലാ എംഎൽഎമാരും ഇപ്പോൾ സംശയത്തിന്റെ പരിധിയിൽ വരുന്നതെന്നും വിജയേന്ദ്ര പറഞ്ഞു. അന്വേഷണം പൂർത്തിയാക്കി പാർട്ടി പ്രവർത്തകരുടെ ആശങ്കകൾക്ക് മറുപടി നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.




