തൃശൂർ: തൃശൂരിൽ അക്യുപങ്ചർ ചികിത്സയ്ക്കിടെ മരിച്ച മുഹ്സിനയുടെയും കുട്ടികളുടെയും മരണത്തിൽ ചികിത്സ നിഷേധിച്ചതിലൂടെ നടന്ന കൊലപാതകമാണെന്നാരോപിച്ച് കുടുംബം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഭർത്താവ് ഇബ്രാഹിമിന്റെ സഹായി റുവൈദ ഫൈസലിനെയും കേസിൽ പ്രതിയാക്കണം. ഇവർ ബന്ധപ്പെട്ട തിരൂരിലെ അക്യുപങ്ചർ സ്ഥാപനത്തിനെതിരെയും അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരന്തരമായി ഭീഷണികൾ നേരിടുന്നുവെന്നും കുടുംബം ആരോപിച്ചു.
കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിൽ വൈകാതെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മുഹ്സിനയുടെയും ഇബ്രാഹിമിന്റെയും മൂന്ന് കുട്ടികളാണ് ഇതിനകം മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിം നിലവിൽ റിമാൻഡിലാണ്.






