കൊല്ലം: ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ വർഷത്തെ യു ജി/പി ജി പ്രവേശനം ആരംഭിച്ചതായി വൈസ് ചാൻസലർ പ്രൊ.ഡോ.വി.പി ജഗതി രാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓഗസ്റ്റ് പത്ത് വരെ ഓൺലൈനായി ഫീസ് അടച്ച് അഡ്മിഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഡ്യൂവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്ങ് രീതിയിൽ 30 യു ജി/ പി ജി പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെയാണ് അഡ്മിഷൻ. നിലവിൽ 85,000-ത്തോളം പഠിതാക്കൾ വിവിധ പ്രോഗ്രാമുകളിലായി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ബിരുദം ആഗ്രഹിക്കുന്ന കേരളത്തിലെ മുഴുവൻ പഠിതാക്കളെയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അഡ്മിഷന് TC നിർബന്ധമല്ല. സർക്കാർ ഉദ്യോഗമടക്കം മറ്റു മേഖലകളില്‍ ജോലി ചെയ്യുന്നവർക്കും സൗകര്യപ്രദമായ പഠനക്രമമാണ് യൂണിവേഴ്സിറ്റി ഒരുക്കിയിട്ടുള്ളത്.
പ്ലസ് 2 അല്ലെങ്കിൽ പ്രീ ഡിഗ്രി അല്ലെങ്കിൽ ഗവ. അംഗീകൃത 2 അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ എന്നീ മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sgou.ac.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രവേശനം നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായിരിക്കും. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പർ- 9188909901, 9188909902
സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിന്: 9188909903




