കർണാടക: കർണാടകയിലെ മൈസൂരു ജില്ലയിൽ കുർകുറെ പാക്കറ്റിനുള്ളിൽ ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ചുവയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. ഹുൻസൂരിലാണ് ദാരുണ സംഭവം. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരമ്മയുടെയും ശങ്കർ നായകിന്റെയും പേരക്കുട്ടിയും സന്തോഷ്–ഐശ്വര്യ ദമ്പതികളുടെ ഏകമകനുമായ മുകുന്ദ് മയൂർ ആണ് മരിച്ചത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം, കുർകുറെ പാക്കറ്റിനുള്ളിലുണ്ടായിരുന്ന ചെറിയ പ്ലാസ്റ്റിക് പന്ത് കുട്ടി അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. പന്ത് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഹുൻസൂർ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇത്തരം അപകടം മൈസൂരു ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ഹുൻസൂരിൽ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് വിഴുങ്ങി ആറര മാസം പ്രായമുള്ള ചിന്മയ് ഗൗഡ എന്ന കുഞ്ഞും മരിച്ചിരുന്നു.
മാർച്ചിൽ ദൊഡ്ഡഹെജ്ജൂർ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ, വീടിന്റെ ഉമ്മറത്ത് സൂക്ഷിച്ചിരുന്ന ഉണങ്ങിയ പൂവ് കുഞ്ഞ് വായിലിടുകയും പിന്നീട് അത് തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല.




