ന്യൂഡൽഹി: എയർ ഇന്ത്യയുടെ ദില്ലി–സാൻ ഫ്രാൻസിസ്കോ വിമാനം സർവീസ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. 230 യാത്രക്കാരുമായി ദില്ലിയിൽ നിന്ന് പുറപ്പെട്ട എഐ173 വിമാനം എട്ട് മണിക്കൂറിലധികം യാത്ര ചെയ്ത ശേഷമാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദില്ലിയിലേക്ക് തിരിച്ചെത്തിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.
ചൈനീസ് വ്യോമാതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനത്തിലെ ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റത്തിൽ (TCAS) സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് നിശ്ചിത സുരക്ഷാ നടപടികൾ പാലിച്ച് വിമാനം മടക്കുകയായിരുന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാർക്ക് താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബദൽ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് ദില്ലിയിലേക്ക് തിരിച്ചിറക്കേണ്ടി വന്ന എയർ ഇന്ത്യയുടെ രണ്ടാമത്തെ അന്തർദേശീയ സർവീസാണിത്.






