കൊൽക്കത്ത: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയിത്ര. പ്രതിപക്ഷ നേതാക്കളെയാണ് ഇഡി ലക്ഷ്യമിടുന്നതെന്ന് മഹുവ ആരോപിച്ചു.
“ഇഡി സർക്കാർയുടെ സ്വകാര്യ സൈന്യമല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നത് ഓർക്കണം,” എന്നാണ് മഹുവ മൊയിത്ര പ്രതികരിച്ചത്. ഇഡി നടപടിക്കെതിരെ അരവിന്ദ് കെജ്രിവാളും പ്രതികരിച്ചിട്ടുണ്ട്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലെ പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. മുൻ മന്ത്രി പി എ. മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും പരിശോധന നടന്നു. റെയ്ഡിനെതിരെ വിവിധ സ്ഥലങ്ങളിൽ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
ഇഷ്ടികയും കമ്പും ഉപയോഗിച്ചുള്ള ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. സംഭവസമയത്ത് എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആക്രമണത്തിൽ പങ്കെടുത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.






