തിരുവനന്തപുരം: സ്കൂൾ കായികമേളയിൽ നടന്ന പ്രായത്തട്ടിപ്പ് വിവാദത്തെ തുടർന്ന് സംസ്ഥാന ടീം തെരഞ്ഞെടുപ്പിൽ മാറ്റം വരുത്തി. ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ പങ്കെടുത്തിരുന്ന രണ്ട് അത്‌ലറ്റുകളെയാണ് കേരളം ഒഴിവാക്കിയത്.
തിരുനാവായ നാവാമുകുന്ദ സ്കൂളിലെ സീനിയർ ആൺകുട്ടികളുടെ റിലേ ടീമംഗം പ്രേം ഓജയും, പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലെ സബ് ജൂനിയർ 100 മീറ്റർ അത്‌ലറ്റായ സഞ്ജയുമാണ് പുറത്ത് പോയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മെഡൽ നേടിയിരുന്നു.
ആധാർ കാർഡ് രേഖകളിൽ വ്യാജവിവരം നൽകിയതായി കണ്ടെത്തിയതോടെയാണ് നടപടി. മറ്റൊരു സംസ്ഥാനത്ത് നിന്ന് എത്തിയ വിദ്യാർത്ഥികളാണ് ഇവരെന്ന് അന്വേഷണത്തിൽ വ്യക്തമായി. കേരളത്തിന്റെ പ്രതിനിധി സംഘത്തിൽ ഉള്ള യോഗ്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നടപടിയെന്ന് കായിക വകുപ്പ് വ്യക്തമാക്കി.










