കോട്ടയം: റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ.) എന്നീ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥിനികളുടെ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പാലാ അൽഫോൻസാ കോളേജും എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെൻ്റർ കോട്ടയവും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
മാറുന്ന കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളായ റോബോട്ടിക്സ്, എ.ഐ. എന്നിവയിൽ പ്രായോഗിക പരിജ്ഞാനം നൽകാൻ ലക്ഷ്യമിടുന്ന ഈ നൈപുണ്യ വികസന കോഴ്‌സ്, കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്.
സഹകരണത്തിൻ്റെ വിശദാംശങ്ങൾ എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെൻ്റർ പ്രതിനിധി കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിന് കൈമാറി. ഈ പങ്കാളിത്തത്തിലൂടെ വിദ്യാർത്ഥിനികൾക്ക് വ്യാവസായിക നിലവാരത്തിലുള്ള പരിശീലനവും അത്യാധുനിക പഠന സാമഗ്രികളും ലഭ്യമാകും.
കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ കോഴ്‌സ് വിദ്യാർത്ഥിനികളുടെ നൈപുണ്യ വികസനം ത്വരിതപ്പെടുത്തുകയും തൊഴിൽ പ്രാവീണ്യവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യും.
ധാരണാപത്രം കൈമാറുന്ന ചടങ്ങിൽ ഫിസിക്സ് ഡിപ്പാർട്ട്‌മെൻ്റ് എച്ച്.ഒ.ഡി. ഡോ. വിജു ടി. സണ്ണി, കോർഡിനേറ്റർ മിസ്. രേഖ മാത്യു, മറ്റ് അധ്യാപകർ, എവർഷൈൻ ഐ ഹബ്ബ് ലേർണിംഗ് സെൻ്റർ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.




