ന്യൂഡൽഹി:ഇന്ധനവില വർധനയെത്തുടർന്ന് വിമാന സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യ. പ്രതിദിനം നൂറോളം വിമാനങ്ങൾ റദ്ദാക്കാനാണ് കമ്പനിയുടെ തീരുമാനം. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളെ ഒരുപോലെ ബാധിക്കുന്ന ഈ നടപടി എയർ ഇന്ത്യയുടെ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ സർവീസ് വെട്ടിചുരുക്കലുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ പ്രതിദിനം 1100 സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. ഇതിൽ പത്ത് ശതമാനത്തോളം വിമാനങ്ങളാണ് ഇപ്പോൾ റദ്ദാക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും ടൊറന്റോ, സാൻഫ്രാൻസിസ്കോ, സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മുടങ്ങുന്നതോടെ വിദേശയാത്രക്കാരും വലിയ പ്രതിസന്ധിയിലാകും.
ആഗോളതലത്തിൽ ജെറ്റ് ഫ്യൂവൽ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ പല വിമാനക്കമ്പനികളുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് മുന്നറിയിപ്പ് നൽകുന്നു. വിമാന ഇന്ധനത്തിന്റെ എക്സൈസ് തീരുവയിലും വാറ്റിലും ഇളവ് നൽകണമെന്ന ആവശ്യവുമായി കമ്പനികൾ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇതിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ വ്യോമയാന മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത.




