കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂമിൽ അട്ടിമറി ശ്രമം നടന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പേരാമ്പ്രയും കൊയിലാണ്ടിയും മണ്ഡലങ്ങളിലെ വരണാധികാരികൾ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. പേരാമ്പ്രയിലെ മെറ്റീരിയൽസ് റൂം സംശയാസ്പദമായി തുറന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. എന്നാൽ, ഇത് സംബന്ധിച്ച് നിയമലംഘനം ഉണ്ടായിട്ടില്ലെന്നും ആരുടെയും ഭാഗത്ത് വീഴ്ച കണ്ടെത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
റൂം തുറന്നത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണെന്ന് രേഖകളിൽ വ്യക്തമാക്കുന്നു. രാവിലെ 11.15ന് തുറന്ന റൂം ഉച്ചയ്ക്ക് 1.45ന് അടച്ചതായും റിട്ടേണിംഗ് ഓഫീസർ രേഖപ്പെടുത്തിയിട്ടുണ്ട്. എൻകോർ സോഫ്റ്റ്‌വെയർ പരിശോധനയ്ക്കായി സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യാത്ത മുറി തുറന്നതാണെന്നും അധികൃതർ പറഞ്ഞു. ഇതിനിടെ, സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയും വിശദീകരണം നൽകി. തൻ്റെ ഏജന്റിന് എത്താൻ കഴിയാത്തതിനാൽ ഭർത്താവിനെ റൂമിന് സമീപത്തേക്ക് അയച്ചതാണെന്ന് അവർ അറിയിച്ചു.




