ന്യൂഡൽഹി: ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. തന്റെ ഫോൺ പൊലീസ് ട്രാക്ക് ചെയ്യുന്നതായും താൻ എവിടെയാണെന്ന് കണ്ടെത്തി നിരന്തരം പിന്തുടരുന്നതായും ഐഷി ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധത്തിലിരിക്കെയാണ് പെട്ടെന്നുള്ള അസാധാരണ നടപടിയുണ്ടായതെന്നും ഐഷി പറഞ്ഞു. വിദ്യാർത്ഥികൾ നിരന്തരം സർക്കാരിന്റെ നിരീക്ഷണത്തിലാണെന്നും അവർ ആരോപിച്ചു.
ഇന്നലെയാണ് ഐഷി ഘോഷിനെ സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ നിന്ന് അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസ് ശ്രമിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായിരുന്നു. മഫ്തിയിലെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നും അവർ യൂണിഫോം ധരിച്ചിരുന്നില്ലെന്നും ഐഷി പറഞ്ഞു.
യൂണിഫോം ധരിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ മഴ കാരണം യൂണിഫോം ധരിച്ചില്ലെന്നാണ് പൊലീസ് വിശദീകരിച്ചതെന്നും ഐഷി വ്യക്തമാക്കി.
ജന്തർ മന്തറിലെ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെയും ഐഷി പ്രതികരിച്ചു. സമരവേദിയിൽ എത്തിയവരിൽ കുറ്റവാളികളുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിൽ ആരാണ് കുറ്റവാളികളെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ പേരും എസ്എഫ്ഐ നേതാക്കളുടെ പേരുകളും പൊലീസ് ക്രിമിനൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഐഷി ആരോപിച്ചു.
അറസ്റ്റ് വാറന്റുമായി ബന്ധപ്പെട്ട് പൊലീസ് യാതൊരു ഔദ്യോഗിക ആശയവിനിമയവും നടത്തിയിട്ടില്ലെന്നും ഇത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നും ഐഷി ഘോഷ് ആരോപിച്ചു. ജന്തർ മന്തർ സമരവേദിയിൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനെതിരെ നൽകിയ ഹർജി പിൻവലിക്കാൻ സമ്മർദമുണ്ടായിരുന്നുവെന്നും, അതിന് വഴങ്ങാതിരുന്നതിന് പിന്നാലെയാണ് അറസ്റ്റ് നീക്കമുണ്ടായതെന്നും അവർ പറഞ്ഞു.




