കണ്ണൂർ: അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരി. അർജുന്റെ അറസ്റ്റിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ച് രാഹുൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്.
മൂന്ന് പീഡന കേസുകളിൽ പ്രതി ചേർക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനു സംസ്ഥാന ആഭ്യന്തര വകുപ്പിൽ എന്താണ് കാര്യമെന്നാണ് ആകാശിന്റെ ചോദ്യം. ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽ രാഹുലിനൊപ്പം നിൽക്കുന്ന ഫോട്ടോ കെ.എം. ഹാരിസ് എന്ന കോൺഗ്രസ് നേതാവ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ആകാശ് തില്ലങ്കേരിയുടെ ചോദ്യം. പീഡന കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി ഐപിഎസിനെ കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കാനായുള്ള ചരടുവലികൾ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയെന്നും ആകാശ് തില്ലങ്കേരി ആരോപിക്കുന്നുണ്ട്.




