ലഖ്നൗ: ‘സാവൻ’ മാസത്തിൽ ചിക്കൻ ബിരിയാണി വിറ്റെന്നാരോപിച്ച് ഉത്തർപ്രദേശിലെ ബഹേരിയിൽ ബിരിയാണി കട ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി പരാതി. വെള്ളിയാഴ്ചയാണ് സംഭവം. കടയുടമ മുഹമ്മദ് സൽമാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിക്ക് പിന്നാലെയാണ് പൊലീസ് സംരക്ഷണത്തിൽ മുനിസിപ്പൽ അധികൃതർ കട പൊളിച്ചതെന്നാണ് റിപ്പോർട്ടുകൾ. ‘സാവൻ’ മാസത്തിൽ ബിരിയാണി വിറ്റുവെന്നാരോപിച്ച് ഹിന്ദു സംഘടനാ പ്രവർത്തകർ പ്രാദേശിക ഭരണകൂടത്തിന് പരാതി നൽകിയിരുന്നു.
പരാതിയെ തുടർന്ന് പൊലീസ്, മുനിസിപ്പൽ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി ബുൾഡോസർ ഉപയോഗിച്ച് കട പൊളിച്ചുനീക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ബിരിയാണി വിറ്റതാണ് കട പൊളിക്കാൻ കാരണമല്ലെന്നും അനധികൃത ഭൂമിയിലാണ് കട പ്രവർത്തിച്ചിരുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, ‘സാവൻ’ മാസത്തിൽ കൻവർ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ മാംസവിൽപ്പന നടത്തരുതെന്ന് പൊലീസ് നേരത്തെ കടയുടമകൾക്ക് നിർദേശം നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കുറ്റകൃത്യത്തിന് ശിക്ഷയായി കെട്ടിടങ്ങൾ പൊളിക്കുന്ന നടപടിക്കെതിരെ നേരത്തെയും കോടതികൾ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നിയമനടപടികൾ പാലിക്കാതെ കെട്ടിടങ്ങൾ പൊളിക്കുന്നത് അധികാര ദുർവിനിയോഗമാണോ എന്ന് കേസിൽ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ചോദിച്ചിരുന്നു.
നിയമവാഴ്ച നിലനിൽക്കുന്ന രാജ്യത്ത് ‘ബുൾഡോസർ നീതി’ അംഗീകരിക്കാനാകില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് ഇത്തരം നടപടികൾ തുടരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2021ൽ വീടുകൾ നിയമവിരുദ്ധമായി പൊളിച്ചുനീക്കപ്പെട്ട അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ വർഷം സുപ്രീംകോടതി പ്രയാഗ്രാജ് ഡെവലപ്മെന്റ് അതോറിറ്റിയോട് നിർദേശിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.




