കൊൽക്കത്ത: പൈലറ്റിന്റെ കാഴ്ച ലേസർ രശ്മികൾ മൂലം തടസ്സപ്പെട്ടതിനെ തുടർന്ന് മലേഷ്യയിൽനിന്ന് കൊൽക്കത്തയിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ വൈകി. ക്വലാലംപുരിൽനിന്ന് കൊൽക്കത്തയിലേക്ക് വന്ന എംഎച്ച്-184 വിമാനത്തിനാണ് ആകാശത്ത് വട്ടമിട്ട് പറന്നശേഷം ലാൻഡ് ചെയ്യേണ്ടിവന്നത്.
രാവിലെ 11.20ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം 11.25നാണ് സുരക്ഷിതമായി നിലത്തിറങ്ങിയത്. റൺവേയിൽനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ പതിക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.
മധ്യംഗ്രാം-ബരാസത് മേഖലയിൽനിന്നാണ് ലേസർ രശ്മികൾ വന്നതെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്തു. കാഴ്ചയ്ക്ക് തടസ്സം നേരിട്ടതിനെ തുടർന്ന് വിമാനം ഏകദേശം അഞ്ച് മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നു. വിമാനത്തിൽ 159 യാത്രക്കാരുണ്ടായിരുന്നു.
സംഭവത്തിൽ കൊൽക്കത്ത വിമാനത്താവളം അധികൃതർ പൊലീസിൽ പരാതി നൽകി. വിമാനത്താവള പരിസരത്ത് ലേസർ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിമാനത്താവളം ഡയറക്ടർ വിക്രം സിങ് ആവശ്യപ്പെട്ടു.
ലേസർ രശ്മികൾ പൈലറ്റിന്റെ കാഴ്ച തടസ്സപ്പെടുത്തുന്നതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിങ്ങും തടസ്സപ്പെടുന്ന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025ലെ ദുർഗാപൂജ ആഘോഷങ്ങൾക്കിടെ വിമാന സർവീസുകളെ ബാധിക്കുന്നുവെന്ന പരാതിയെ തുടർന്ന് ലേസർ ലൈറ്റ് ഷോ നിർത്തിവെച്ചിരുന്നു.




