കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4,255 ക്യാപ്റ്റഗൺ ഗുളികകൾ കസ്റ്റംസ് പിടികൂടി. ജസീറ എയർവേയ്സിന്റെ ടെർമിനൽ അഞ്ചിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരിമരുന്ന് ഗുളികകൾ പിടികൂടിയത്.
സിറിയയിൽനിന്ന് സ്വകാര്യ വിമാനസർവീസിൽ കുവൈത്തിലെത്തിയ യാത്രക്കാരന്റെ ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. ബാഗേജിൽ സംശയം തോന്നിയതിനെ തുടർന്ന് സ്കാനിങ് ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
വ്യക്തിഗത സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച മൂന്ന് പെട്ടികളിലായാണ് 4,255 ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയതെന്ന് കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.
സംഭവത്തിൽ യാത്രക്കാരനെതിരെ നിയമനടപടികൾ ആരംഭിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നിനൊപ്പം ഇയാളെ തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.
അതിർത്തി പ്രവേശന കേന്ദ്രങ്ങളിലെ പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കി ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള നടപടികൾ തുടരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ വ്യക്തമാക്കി.




