കൊച്ചി: ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിച്ച് പരാമർശം നടത്തിയെന്ന കേസിൽ ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സംഘം എത്തിയത്.
ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള പരാമർശമാണ് ടി.ജി. മോഹൻദാസ് നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനായിരുന്നു. പിന്നാലെ നിരവധി പരാതികളും ലഭിച്ചു.
സൈബർ സെൽ ഓപ്പറേഷൻസ് ഐജിക്കാണ് അന്വേഷണ ചുമതല നൽകിയിരുന്നത്. എന്നാൽ കേസെടുക്കാൻ വൈകിയത് നേരത്തെ വിവാദമായിരുന്നു. പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് കേസെടുത്തത്.
ജൂലൈ 29നാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ടി.ജി. മോഹൻദാസ് നടത്തിയ പരാമർശം അപകീർത്തികരവും പ്രകോപനപരവുമാണെന്നാണ് പരാതിക്കാരുടെ ആരോപണം.
യൂട്യൂബ് ചാനലിലൂടെ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വീഡിയോകൾ പ്രചരിപ്പിച്ചെന്ന ആരോപണവും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




