തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാനൊരുങ്ങി സർക്കാർ. മദ്യം വാങ്ങാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്ന ‘നോ ഐഡി–നോ എൻട്രി’ സംവിധാനം നടപ്പിലാക്കാനാണ് നീക്കം.
23 വയസിന് താഴെയുള്ളവർക്ക് മദ്യം നൽകില്ലെന്ന നിലവിലെ നിയന്ത്രണം കൂടുതൽ കർശനമാക്കാനാണ് സർക്കാർ പരിഗണിക്കുന്നത്. കർണാടക മാതൃകയിൽ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. പ്രായത്തിൽ സംശയം തോന്നുന്ന സാഹചര്യങ്ങളിൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്ന രീതിയാകും നടപ്പിലാക്കുക.
വിഷയവുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. റിപ്പോർട്ടറിന് ലഭിച്ച ഫയൽ മൂവ്‌മെന്റ് രേഖകൾ പ്രകാരം, ഈ നിർദേശം സർക്കാർ തലത്തിൽ സജീവമായി പരിഗണനയിലാണെന്ന് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്കുള്ള പ്രായപരിധി മുൻപ് പലഘട്ടങ്ങളിലായി മാറ്റം വന്നിട്ടുണ്ട്. നേരത്തെ 18 വയസായിരുന്ന പ്രായപരിധി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 21 ആക്കുകയും, പിന്നീട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 23 ആക്കുകയും ചെയ്തിരുന്നു.
എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിയിട്ടില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നടപടികൾക്ക് സർക്കാർ നീക്കം ആരംഭിച്ചിരിക്കുന്നത്.





