തിരുവനന്തപുരം: വേർപാടിലും അഞ്ചുപേർക്ക് പുതുജീവിതം നൽകി കേരളത്തിന്‍റെ നൊമ്പരമായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ആലിൻ ദാനം ചെയ്തത്.
രാത്രിയായതിനാൽ ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റോഡ് മാർഗമാണ് അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചത്. പൊലീസ് സേനയുടെ കൃത്യമായ ഇടപെടലിലൂടെ ഗതാഗതം സുഗമമാക്കിയാണ് അതിവേഗം അവയവങ്ങൾ ആശുപത്രികളിൽ എത്തിച്ചത്. ബന്ധുക്കളുടെ താല്പര്യം പരിഗണിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ രാത്രി തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.










