തിരുവനന്തപുരം; ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ആണ്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഈ വര്‍ഷത്തെ പരീക്ഷാ ഘടനയില്‍ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ലെന്നും കുട്ടികള്‍ ഒന്നും ഭയപ്പെടേണ്ടതില്ലെന്നും ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കുമെന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ കഴിവും അറിവും പ്രകടിപ്പിക്കാന്‍ സാധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളില്‍ പതറാതെ അധ്യാപകരുടെ നിര്‍ദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പിന്തുടര്‍ന്ന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. പത്താം ക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തില്‍ എല്ലാവര്‍ക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കണം- ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.



