തൃശ്ശൂർ: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായി അവഗണിച്ചതായി ആരോപിച്ച് പഴഞ്ഞി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തി ബൂത്തിൽ കരിദിനം ആചരിച്ചു. ബ്രാഞ്ച് സെക്രട്ടറി എൻ. കെ. സതീശന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ബജറ്റിന് മുൻപ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കേരളം ഇരുപത്തൊൻപത് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും ഒന്നും തന്നെ പരിഗണിച്ചില്ലെന്ന് നേതാക്കൾ ആരോപിച്ചു.
സംസ്ഥാനത്തിന് എയിംസ് അനുവദിച്ചില്ല. ഏഴ് അതിവേഗ ഇടനാഴികളിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ചും ബജറ്റിൽ പരാമർശമുണ്ടായില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനായി ആവശ്യപ്പെട്ട പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുർവേദത്തിന്റെ ഇറ്റില്ലമായ കേരളത്തിന് ആയുർവേദ എയിംസും അനുവദിച്ചില്ല. ഉൾനാടൻ ജലഗതാഗത പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്താത്തതായും ആരോപണം ഉയർന്നു.
പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ബജറ്റിൽ ഇല്ല. സർവകലാശാലാ ടൗൺഷിപ്പ് പ്രഖ്യാപനത്തിലും സംസ്ഥാനത്തെ അവഗണിച്ചു. റബർ വിലസ്ഥിരതാ ഫണ്ടിനുള്ള ആവശ്യവും തള്ളിക്കളഞ്ഞു.പ്രവാസി ക്ഷേമത്തിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സ്കീം തൊഴിലാളികളെ പൂർണ്ണമായി അവഗണിച്ചെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
കോർപ്പറേറ്റ് നികുതി വർധിപ്പിക്കാത്തതോടൊപ്പം വൻകിട കമ്പനികൾക്ക് ഇളവുകൾ നൽകുകയും ചെയ്തതായി വിമർശനം ഉയർന്നു. ക്ഷേമ പദ്ധതികൾ വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങളില്ലെന്നും തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറവ് വരുത്തിയെന്നും നേതാക്കൾ പറഞ്ഞു.




