തൃശ്ശൂർ: ജില്ലാ പഞ്ചായത്ത് വെള്ളാങ്ങല്ലൂർ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി സി ബി ഷക്കീല ടീച്ചറെ വിജയിപ്പിക്കാൻ ‘ടീച്ചറോടിഷ്ടം’ എന്ന പേരിൽ പ്രചാരണ പരിപാടിയുമായി പൂർവ വിദ്യാർഥികൾ. സി ബി ഷക്കീല 23 വർഷം അധ്യാപികയായിരുന്ന നടവരമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളാണ് കോണത്തുകുന്ന് സഹകരണ ബാങ്ക് ഹാളിൽ ഒത്തുകൂടിയത്.
ടീച്ചറുടെ സ്നേഹപൂർണമായ ഇടപഴകലും സാമൂഹ്യ പ്രവർത്തന രീതികളും തങ്ങളുടെ ജീവിതം ചിട്ടപ്പെടുത്തുന്നതിൽ ഏറെ സ്വാധീനം ചെലുത്തിയതായി വിദ്യാർഥികൾ പറഞ്ഞു.
പ്രിയപ്പെട്ട അധ്യാപികയുടെ വിജയത്തിനായി പൂർവ വിദ്യാർഥികൾ വിവിധ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ‘ടീച്ചറോടിഷ്ടം’ സംഗമം ഖാദർ പട്ടേപ്പാടം ഉദ്ഘാടനംചെയ്തു. എം ആർ അജിത്ര അധ്യക്ഷയായി. ടി എ ഷിഫ, വിനേഷ്, ആർ ബി ഷിഫ, ശിവപ്രസാദ്, എം എസ് ഇർഫാന എന്നിവർ സംസാരിച്ചു.




