കോട്ടയം: ചരിത്രപരമായ തീരുമാനം തിരുത്തിക്കൊണ്ട്, കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാൻ ഭരണസമിതി തീരുമാനിച്ചു. ഇന്ന് കൂടിയ പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ വർഷങ്ങളിൽ, ക്ഷേത്രത്തിലെ ഉത്സവത്തിൽ ആനയെ ഒഴിവാക്കി ആ തുക അശരണർക്ക് വീട് നിർമ്മിച്ച് നൽകാൻ വിനിയോഗിച്ച് നിലവിലെ ഭരണസമിതി കൈയ്യടി നേടിയിരുന്നു. എന്നാൽ, ഈ നിലപാടിൽ മാറ്റം വരുത്തിക്കൊണ്ടാണ് 121-ാമത് വർഷോത്സവത്തിന് ആനയെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ക്ഷേത്രത്തിലെ 121-ാമത് വർഷോത്സവം 2026 ഫെബ്രുവരി 21 ശനിയാഴ്ച കൊടിയേറി ഫെബ്രുവരി 28 ശനിയാഴ്ച ആറാട്ടോടുകൂടി സമാപിക്കും.










