പൊള്ളാച്ചി: 2031ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണമാറ്റം ഉണ്ടാകുമെന്ന് വി ദി ലീഡർ പാർട്ടി നേതാവും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. അണ്ണാമലൈ. പൊള്ളാച്ചിയിൽ നടന്ന വി ദി ലീഡർ സംഘടനയുടെ ആദ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാടിനെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അണ്ണാമലൈ പറഞ്ഞു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംഘടനയുടെ പ്രവർത്തനപരിധിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനുയോജ്യമായ സമയത്ത് വി ദി ലീഡർ സംഘടന രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അദ്ദേഹം അറിയിച്ചു.
സംഘടനയിൽ അംഗത്വം നേടിയവരിൽ 17 ശതമാനം സ്ത്രീകളാണെന്ന് അണ്ണാമലൈ പറഞ്ഞു. അംഗങ്ങളിൽ 54 ശതമാനം പേർ 35 വയസ്സിൽ താഴെയുള്ളവരാണ്. കൂടാതെ, 14 ശതമാനം പേർ 18 മുതൽ 25 വയസ് വരെയുള്ള യുവാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിന്റെ ഭാവി രാഷ്ട്രീയം നിർണയിക്കുന്നതിൽ യുവജനങ്ങൾക്ക് വലിയ പങ്കുണ്ടാകുമെന്നും, അവരുടെ പിന്തുണയോടെ 2031-ലെ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും അണ്ണാമലൈ പറഞ്ഞു.




