മിന്ന: വടക്കൻ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് സായുധ സംഘം നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. നിരവധി പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയതായാണ് വിവരം. അക്രമ സംഭവങ്ങൾ പതിവായ ഈ മേഖലയിൽ നടന്ന ഏറ്റവും പുതിയ ആക്രമണമാണിത്.
ശനിയാഴ്ച വൈകുന്നേരമാണ് ബോർഗു മേഖലയിലെ കസുവാൻ-ദാജി ഗ്രാമത്തിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കടന്നത്. ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയും പ്രാദേശിക ചന്തയും നിരവധി വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തതായി നൈജീരിയൻ പൊലീസ് വക്താവ് വാസിയു അബിയോദുൻ അറിയിച്ചു. നിരവധി പേർ കാണാതായതിനെ തുടർന്ന് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു.
ആക്രമണത്തെ ശക്തമായി അപലപിച്ച നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു, അക്രമികളെ കണ്ടെത്താനും ബന്ദികളെ മോചിപ്പിക്കാനും സുരക്ഷാസേനയ്ക്ക് നിർദേശം നൽകി. ആക്രമണത്തിന് ഒരു ആഴ്ച മുൻപ് തന്നെ അക്രമി സംഘം പ്രദേശത്ത് സഞ്ചരിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
സുരക്ഷാ സംവിധാനങ്ങൾ ദുർബലമായ നൈജീരിയയിലെ ഉൾഗ്രാമങ്ങളിൽ ഇത്തരം ആക്രമണങ്ങൾ പതിവാണ്. കഴിഞ്ഞ നവംബറിൽ പാപിരി പ്രദേശത്തെ ഒരു കത്തോലിക്കാ സ്കൂളിൽ നിന്ന് 300ലേറെ വിദ്യാർത്ഥികളെയും അധ്യാപകരെയും സായുധ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇപ്പോഴത്തെ ആക്രമണവും കത്തോലിക്കാ ആരാധനാലയത്തിനുള്ളിലാണ് നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്. തട്ടിക്കൊണ്ടുപോയവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് പള്ളി വികാരിയും അറിയിച്ചു.










