നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണവുമായി വോയ്സ് ഓഫ് സത്യനാഥൻ സിനിമയുടെ സഹനിർമാതാവ് റോഷിത് ലാൽ. തന്റെ കൈയ്യിൽ നിന്നും ഒരു കോടി രൂപ ബാദുഷ വാങ്ങിയെന്നും പണം തിരികെ ചോദിച്ച് വിളിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുകയും പിന്നീട് തന്നെ ഭീഷണിപ്പെടുത്തി വെല്ലുവിളിക്കുകയുമാണെന്നാണ് റോഷിത് ലാൽ പറയുന്നത്.
‘ത തവളയുടെ ത’ എന്ന തന്റെ ചിത്രത്തിന്റെ പിആർ വഴിയാണ് ബാദുഷയെ പരിചയപ്പെട്ടതെന്നും ആ പരിചയമാണ് വോയ്സ് ഓഫ് സത്യനാഥനിൽ സഹനിർമാതാവാകാൻ വഴിവെച്ചതെന്നും അദ്ദഹം പറയുന്നു. പല തവണകളായി ഇരുപതും ഇരുപത്തിയഞ്ച് ലക്ഷവുമായി പണം നൽകി. ഇങ്ങനെ ഒരു കോടിയോളം രൂപ പ്രൊജക്ടിൽ നിക്ഷേപിച്ചെന്നും ഇതിനെല്ലാം തെളിവുണ്ടെന്നും അദ്ദേഹം പറയുന്നു.
മൂന്നു കോടിയായിരുന്നു അതിന്റെ മുതൽമുടക്ക് എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പക്ഷ, ആ സിനിമയുടെ ബജറ്റ് പിന്നെയും കൂടി. ശേഷം ഇൻവെസ്റ്റ്മെന്റിന് താൽപ്പര്യമില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.











