തൃശ്ശൂർ: ഡിവൈഎഫ്‌ഐക്ക് പുതിയ സംസ്ഥാന നേതൃത്വം. കല്യാശ്ശേരി എംഎൽഎ എം. വിജിനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി ഡിവൈഎഫ്‌ഐയുടെ വനിതാ അധ്യക്ഷയായി ചിന്ത ജെറോം ചുമതലയേൽക്കും. ആലപ്പുഴയിൽ നിന്നുള്ള ആർ. രാഹുലാണ് പുതിയ ട്രഷറർ.
തൃശ്ശൂരിൽ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എ.എ. റഹീമാണ് പ്രഖ്യാപനം നടത്തിയത്. 25 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
വി. അനൂപ്, ആർ. ശ്യാമ, മുഹമ്മദ് അഫ്സൽ, ഷബീർ പി., നിഖിൽ ബാബു എന്നിവർ വൈസ് പ്രസിഡന്റുമാരാകും. ഗ്രീഷ്മ അജയ്ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, അനുശ്രീ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു.
നാല് ദിവസമായി തുടരുന്ന സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് നേതാജി ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സൈബർ അധിക്ഷേപം നേരിട്ട ‘നാടകം മിസ’ സമാപന സമ്മേളനത്തിന് ശേഷം വീണ്ടും പ്രദർശിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.


