മലപ്പുറം: തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽ നിന്ന് സ്വകാര്യ ബസിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഹുസൈന്റെ ഭാര്യ ഫൗസിയ (37)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ നിന്ന് കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോകുകയായിരുന്ന തൊഴിലാളികളാണ് പുഴയിൽ ചാക്ക് കണ്ടെത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച അർധരാത്രിയോടെ ഹുസൈൻ ഭാര്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയിരുന്നു. കൂടുതൽ മീൻ ലഭിച്ചിട്ടുണ്ടെന്നും മീൻ വാരാൻ വരണമെന്നും പറഞ്ഞാണ് ഫൗസിയയെ കൊണ്ടുപോയതെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ കഴിഞ്ഞിട്ടും ഇരുവരും വീട്ടിൽ തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടെയാണ് ഫൗസിയയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്.
ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹുസൈനെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ ബസ് തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ഹുസൈനെ വിശദമായി ചോദ്യം ചെയ്താൽ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.




