ബ്യൂണസ് അയേഴ്സ്: 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1-0 ന് പരാജയപ്പെട്ടതിന് പിന്നാലെ ഗ്രൗണ്ടിൽ നടന്ന കയ്യാങ്കളികൾക്കും അച്ചടക്കലംഘനങ്ങൾക്കും അർജന്റീനയ്ക്കെതിരെ ഫിഫയുടെ കടുത്ത നടപടികൾ. പ്രധാന താരങ്ങൾക്കും പരിശീലകനും വിലക്കും പിഴയും ലഭിച്ചതിന് പുറമെ അർജന്റീനൻ ഫുട്ബോൾ അസോസിയേഷനെതിരെയും (AFA) ഫിഫ കർശന നടപടികൾ സ്വീകരിച്ചു.
സംഘർഷങ്ങളിൽ പ്രധാന പങ്ക് വഹിച്ച മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസിന് 10 മത്സരങ്ങളിലാണ് ഫിഫ അച്ചടക്ക സമിതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സ്പാനിഷ് താരം എറിക് ഗാർസിയയുടെ കഴുത്തിന് പിടിക്കുകയും ഗാവിയെ ആക്രമിക്കുകയും ചെയ്തതിനാണ് പരേഡസിന് വിലക്കും ഒപ്പം 90,000 ഡോളർ (ഏകദേശം 69 ലക്ഷം രൂപ) പിഴയും ലഭിച്ചത്. മത്സരത്തിലെ താരമായ റോഡ്രിയെ മർദ്ദിച്ചതിന് സഹതാരം നഹുവേൽ മൊളീനയ്ക്ക് 7 മത്സരങ്ങളിൽ വിലക്കും സമാനമായ തുക (ഏകദേശം 69 ലക്ഷം രൂപ) പിഴയും ചുമത്തിയിട്ടുണ്ട്.
മോശം പെരുമാറ്റത്തിനും ചട്ടലംഘനങ്ങൾക്കുമായി അർജന്റീനൻ ഫുട്ബോൾ അസോസിയേഷന് 321,000 ഡോളർ (ഏകദേശം 2.47 കോടി രൂപ) പിഴയാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ 100,000 ഡോളർ (ഏകദേശം 76 ലക്ഷം രൂപ) വിവേചനത്തിനെതിരായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ ഫിഫ കർശന നിർദ്ദേശം നൽകി.
ടീമിന്റെ അടുത്ത രണ്ട് ഹോം മത്സരങ്ങളിൽ കാണികളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഫൈനലിലെ പ്രശ്നങ്ങൾക്ക് പുറമെ, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ ഫാൽക്ക്‌ലാൻഡ് ദ്വീപുകളിന്മേലുള്ള അർജന്റീനയുടെ അവകാശവാദം ഉന്നയിക്കുന്ന (“Las Malvinas son Argentinas”) ബാനർ ഉയർത്തിയതും, ആരാധകരുടെ വിവേചനപരമായ ഗാനങ്ങളും ഈ കടുത്ത ശിക്ഷയ്ക്ക് കാരണമായി.




