Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചരിത്ര തീരുമാനവുമായി DYFI, ഇനി ചിന്ത ജെറോം നയിക്കും; എം വിജിൻ സെക്രട്ടറി, ആര്യാ രാജേന്ദ്രന്റെ തിരിച്ചുവരവില്ല: പുതിയ മാറ്റങ്ങൾ പാർട്ടിയെ തുണയ്ക്കുമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡിവൈഎഫ്‌ഐക്ക് ഇനി പുതിയ അമരക്കാർ. തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് നിർണായ പ്രഖ്യാപനങ്ങൾ നടന്നത്. മുൻ യുവജന കമ്മീഷൻ അധ്യക്ഷയും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ. ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റായും കല്യാശ്ശേരി എം.എൽ.എ എം. വിജിനെ സംസ്ഥാന സെക്രട്ടറിയായും തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ. രാഹുലാണ് പുതിയ ട്രഷറർ. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ അധ്യക്ഷ വരുന്നു എന്നത് തന്നെയാണ് ഈ ഈ പട്ടികയിലെ വിപ്ലവകരമായ പ്രഖ്യാപനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ അടക്കം ശക്തമായ പിന്തുണയോടെയാണ് ചിന്ത പുതിയ ചുമതലയിലേക്ക് കടക്കുന്നത്.

അതേസമയം, പുതിയ ഭാരവാഹി പട്ടിക പുറത്തുവന്നതോടെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുമെന്ന പ്രചാരണങ്ങൾക്ക് വിരാമമായി. ആര്യയെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും, അവരുടെ ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ കെ.എം. സച്ചിൻ ദേവിനെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രധാന പദവിയിലേക്ക് ഉയർന്നുവരുമെന്ന് കരുതിയ ആര്യയ്ക്ക് പകരം, സച്ചിൻ ദേവിന്റെ സംഘടനാ പരിചയത്തിന് മുൻഗണന നൽകുകയായിരുന്നു. 92 അംഗ സംസ്ഥാന കമ്മിറ്റിയെയും 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയുമാണ് ഈ സമ്മേളനം തിരഞ്ഞെടുത്തിരിക്കുന്നത്. ആർ. ശ്യാമ, വി. അനൂപ്, മുഹമ്മദ് അഫ്‌സൽ, പി. ഷബീർ, നിഖിൽ ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ഗ്രീഷ്മ അജയ്‌ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ. അനുശ്രീ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ചുമതലപ്പെടുത്തി.

വിദ്യാർഥി–യുവജന രംഗത്തെ സജീവ ഇടപെടലുകളിലൂടെ ശ്രദ്ധേയയായ നേതാവാണ്‌ ഡോ. ചിന്ത ജെറോം. എസ്എഫ്ഐ പ്രവർത്തകയായി പൊതുരംഗത്ത് എത്തിയ ചിന്ത, കൊല്ലം ഏരിയ പ്രസിഡന്റ്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007–2008 കാലയളവിൽ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായ അവർ, സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിക്കവെയാണ്‌ ഇപ്പോൾ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തെത്തുന്നത്‌. 2016 മുതൽ 2023 വരെ യുവജന കമ്മീഷൻ ചെയർപേഴ്സണായിരിക്കെ യൂത്ത് ബ്രിഗേഡ് ഉൾപ്പെടെയുള്ള ശ്രദ്ധേയ പദ്ധതികൾ നടപ്പാക്കി.

എറണാകുളം സമ്മേളനത്തിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ചിന്ത, 2019-ൽ ജർമ്മനിയിലെ ബേണിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ കോൺക്ലേവിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. മൂന്ന് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. കൊല്ലത്ത് അധ്യാപക ദമ്പതിമാരായ സി. ജെറോമിന്റെയും എസ്തർ ജെറോമിന്റെയും മകളായി ജനിച്ച ചിന്ത, വിമല ഹൃദയ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബി.എഡിന് ശേഷം കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി; UGC, NET, JRF യോഗ്യതകളുമുണ്ട്.

ബാലസംഘത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എം. വിജിൻ ഇടതുപക്ഷത്തിന്റെ കരുത്തനായ യുവനേതാവാണ്‌. ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. തുടർന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, കണ്ണൂർ ജില്ലാ ട്രഷറർ എന്നീ ചുമതലകളിലും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികെയാണ് പുതിയ നിയോഗം. കൂടാതെ, കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ അംഗം, പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ വിജിൻ, 2021 മുതൽ കല്ല്യാശ്ശേരി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. കണ്ണൂർ എടാട്ട് ടി.കെ. ഭാസ്കരന്റെയും വസന്തയുടെയും മകനായ വിജിൻ, എടനാട് വെസ്റ്റ് എൽ.പി, യു.പി സ്കൂളുകളിലും പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പയ്യന്നൂർ കോളേജിൽ നിന്ന് ബി.എസ്.സി ഫിസിക്സും കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ പി.ജിയും നേടി. അധ്യാപികയായ അശ്വതിയാണ് ഭാര്യ, മകൻ നെയ്തൽ.

സി.പി.ഐ.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ അഡ്വ. ആർ. രാഹുൽ (37) നിലവിൽ ജില്ലാ പഞ്ചായത്ത്‌ പുന്നപ്ര ഡിവിഷൻ അംഗവും പൊതുമരാമത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്. സംസ്ഥാന യുവജന കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള രാഹുൽ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു വരികയായിരുന്നു. മുൻപ് സി.പി.ഐ.എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എൽ.എൽ.ബിയും പൂർത്തിയാക്കിയ രാഹുൽ സംസ്കൃത സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. നിലവിൽ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. അഞ്ചു എസ്. റാം ആണ് ഭാര്യ, മകൻ ഗസൽ, അമ്മ സീമന്ദിനി.

കേരളത്തിലെ പ്രസ്ഥാനത്തിന് ദീർഘകാലത്തെ സംഘടനാ പരിചയവും ഭരണപരിചയവുമുള്ള യുവനേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവന്നുകൊണ്ടാണ് ഈ സമ്മേളനം പൂർത്തിയായിരിക്കുന്നത്. കൃത്യമായ വിദ്യാഭ്യസ പ്രൊഫൈലും സമരരംഗത്തെ അനുഭവസമ്പത്തും ഉള്ള പുതിയ അമരക്കാർ ഡിവൈഎഫ്ഐയെ വരുംനാളുകളിൽ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer