ന്യൂഡൽഹി: ഡൽഹയിൽ പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന ആയുധക്കടത്ത് ശൃംഖലയെ ക്രൈം ബ്രാഞ്ച് പിടികൂടി. രണ്ട് പഞ്ചാബ് സ്വദേശികൾ ഉൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ സംഘത്തിന് പാക്കിസ്ഥാനിലെ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നാണ് ഡൽഹി പോലീസ് പുറത്തുവിട്ട വിവരം.
തുർക്കിയും ചൈനയും ഉൾപ്പെടെ വിദേശത്ത് നിർമ്മിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തിക്കുകയായിരുന്നു ഇവർ. ഡ്രോൺ ഉപയോഗിച്ച് പാക്കിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്കായിരുന്നു ആയുധങ്ങൾ കടത്തിയത്.
സംഘത്തിൽ നിന്ന് 10 തോക്കുകളും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു. ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള ഗുണ്ടാസംഘങ്ങൾക്കാണ് ഇവർ ആയുധങ്ങൾ വിതരണം ചെയ്തിരുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.










