തിരുവനന്തപുരം: തിരുവനന്തപുരം നഗരവാസികളുടെ കുടിവെള്ള സ്രോതസായ അരുവിക്കര ഡാമില്‍ ചെളി മാറ്റുന്നതിന്റെ പേരില്‍ വന്‍ മണലൂറ്റ്. കരാർ ഏറ്റെടുത്ത കമ്പനിയാണ് കൂറ്റൻ ഡ്രഡ്ജറുകൾ ഉപയോഗിച്ച് ഡാമിൽനിന്ന് മണലും ചെളിയും നീക്കം ചെയ്യുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
നൂറുകണക്കിന് ലോഡ് മണൽ ഡാമിൽനിന്ന് ലോറികളിൽ കടത്തുന്നതായും പ്രദേശവാസികൾ പറയുന്നു. പദ്ധതിയുടെ ടെൻഡർ രേഖകളിൽ ചെളി, മണൽ, ഗ്രാവൽ എന്നിവ നീക്കം ചെയ്ത് പ്രദേശത്തുനിന്ന് മാറ്റണമെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. എന്നാൽ ചെളിയും മറ്റ് അവശിഷ്ടങ്ങളും പ്രദേശത്ത് നിക്ഷേപിക്കാതെ വീണ്ടും ജലാശയത്തിലേക്ക് തന്നെ തള്ളുന്നതായാണ് പരാതി.
ജലസംഭരണിയുടെ എട്ട് പോക്കറ്റുകളിൽനിന്നാണ് ചെളിയും മണലും നീക്കം ചെയ്യേണ്ടത്. ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്കാണ് പദ്ധതിയുടെ കരാർ ലഭിച്ചത്. തുടർന്ന് ഇവർ പദ്ധതി സബ് കോൺട്രാക്ട് നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചെളി നീക്കം ചെയ്യുന്നതിനിടെ ലഭിക്കുന്ന മണൽ മാത്രം വേർതിരിച്ച് കടത്തുകയും ബാക്കി വസ്തുക്കൾ വീണ്ടും ആറ്റിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. ഇതുമൂലം കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന തരത്തിൽ ജലാശയത്തിൽ ചെളിയുടെ അളവ് വർധിക്കുന്നതായും പരാതിയുണ്ട്.
കുടിവെള്ള ശുദ്ധീകരണത്തിനായി നിലവിൽ സാധാരണയേക്കാൾ വലിയ അളവിൽ രാസവസ്തുക്കൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായതായും പ്രദേശവാസികൾ ആരോപിക്കുന്നു. ചെളി കലർന്ന വെള്ളം ശുദ്ധീകരിക്കുന്നതിന് പത്തിരട്ടിയോളം രാസവസ്തുക്കൾ ആവശ്യമായി വരുന്നുവെന്നും ആരോപണമുണ്ട്. എന്നാൽ വിഷയത്തിൽ കേരള വാട്ടർ അതോറിറ്റിയുടെയോ ബന്ധപ്പെട്ട സർക്കാർ അധികൃതരുടെയോ കാര്യമായ ഇടപെടലുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
അതേസമയം, മണൽ കടത്തുന്നതിനായി നൂറുകണക്കിന് ലോഡ് വാഹനങ്ങൾ പ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കുന്നതായും ഇതോടെ റോഡുകൾ തകർന്ന നിലയിലായതായും നാട്ടുകാർ പറയുന്നു.
ഡാമിലെ ജലനിരപ്പ് കുറഞ്ഞുവരുന്ന സാഹചര്യം പരിഹരിക്കുന്നതിനും ജലസംഭരണിയുടെ സംഭരണശേഷി വർധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പദ്ധതിയുടെ കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ, ഡാമിൽനിന്ന് നീക്കം ചെയ്യുന്ന വസ്തുക്കൾ എവിടേക്കാണ് മാറ്റുന്നത്, മണൽ കടത്തുന്നതിന് ആവശ്യമായ അനുമതികൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പദ്ധതിയുടെ പ്രവർത്തനങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ നിർത്തിവയ്ക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പരിശോധന നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












