തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ മിനിമം മാർക്ക് ഒഴിവാക്കിയ സാഹചര്യത്തിൽ പരീക്ഷയുടെ നിലവാരം ഉറപ്പാക്കാൻ ഈ വർഷം ചോദ്യങ്ങൾ കൂടുതൽ നിലവാരമുള്ളതാക്കാൻ സാധ്യത. എല്ലാവർക്കും എളുപ്പത്തിൽ മാർക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കി അർഹരായ വിദ്യാർഥികൾ മാത്രം വിജയിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നീക്കം.
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ചോദ്യങ്ങൾ മൂന്ന് തലങ്ങളിലായാണ് തയ്യാറാക്കിയത്. 100 മാർക്കിന്റെ പരീക്ഷയിൽ 30 ശതമാനം എളുപ്പമുള്ള ചോദ്യങ്ങളും 50 ശതമാനം ശരാശരി നിലവാരത്തിലുള്ള ചോദ്യങ്ങളും 20 ശതമാനം കടുപ്പമുള്ള ചോദ്യങ്ങളുമായിരുന്നു.
ഈ രീതിയുടെ ഭാഗമായി കടുപ്പമുള്ള ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം എഴുതുന്നവർക്ക് മാത്രമാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടാൻ കഴിഞ്ഞത്. ഇതോടെ 2025-26 അധ്യയനവർഷത്തിൽ എ പ്ലസ് നേടിയവരുടെ എണ്ണം പകുതിയായി കുറഞ്ഞു. മുൻവർഷത്തെ 61,449ൽ നിന്ന് 30,514 ആയാണ് എ പ്ലസ് നേടിയവരുടെ എണ്ണം കുറഞ്ഞത്.
ഈ അധ്യയനവർഷം മിനിമം മാർക്ക് ഒഴിവാക്കിയെങ്കിലും ഇതേ ചോദ്യഘടന തുടർന്നാൽ പരീക്ഷയുടെ നിലവാരം ഉറപ്പാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 2024-25 അധ്യയനവർഷം മുതൽ ഹൈസ്കൂൾ ക്ലാസുകളിൽ ഈ രീതിയിലുള്ള ചോദ്യഘടന പിന്തുടരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ സ്കൂൾ പാഠ്യപദ്ധതി നിലവിൽ വന്ന ശേഷമുള്ള ആദ്യ എസ്എസ്എൽസി പരീക്ഷയായിരുന്നു 2025-26 അധ്യയനവർഷത്തിലേത്. 4,14,290 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,10,456 പേർ വിജയിച്ചു. വിജയശതമാനം 99.07 ആയിരുന്നു. മുൻവർഷം ഇത് 99.5 ശതമാനമായിരുന്നു.












