ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നാരോപിക്കുന്ന യുവാവിനെ ഡ്രൈവറും സഹയാത്രക്കാരും ചേർന്ന് പിടികൂടി മർദിച്ചു. ഹെബ്ബാളിന് സമീപം മാന്യത ടെക് പാർക്കിലേക്കുള്ള ബസിലായിരുന്നു സംഭവം.
ബസിൽ യുവതിക്കൊപ്പമിരുന്ന യുവാവ് മോശമായി പെരുമാറിയതോടെയാണ് സംഭവം. യുവതി കരഞ്ഞതോടെ മറ്റ് യാത്രക്കാർ ഇടപെടുകയും യുവാവിനെ തടയുകയും ചെയ്തു. പിന്നാലെ ബസ് ഡ്രൈവറും യാത്രക്കാരും ചേർന്ന് ഇയാളെ മർദിച്ചു. യുവതിയോടും പ്രതിയെ അടിക്കാൻ ചില യാത്രക്കാർ ആവശ്യപ്പെട്ടതായി ദൃശ്യങ്ങളിൽ കാണാം.
യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ഡ്രൈവർ ബസ് റോഡരികിൽ നിർത്തി വാതിലുകൾ അടച്ചശേഷമാണ് യുവാവിനെ നിയന്ത്രണവിധേയനാക്കിയത്. ബസ് നിർത്തിയ ഉടൻ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വാതിൽ പൂട്ടിയതോടെ രക്ഷപ്പെടാനായില്ല.
സംഭവത്തിൽ യുവതി ഇതുവരെ പൊലീസിൽ ഔദ്യോഗിക പരാതി നൽകിയിട്ടില്ല. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ബെംഗളൂരു പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.




