തൃശ്ശൂർ: കൊടുങ്ങല്ലൂർ – കോട്ടപ്പുറം രൂപത, ചരിത്രപ്രസിദ്ധമായ സമ്പാളൂർ, വി.ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ, തിരുനാളിനോട് അനുബന്ധിച്ച്, ബൈബിൾ പ്രതിഷ്ഠയും, തുടർന്ന് ദിവ്യബലിയോടു കൂടി, ആത്മജ്വാല’ ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു. വെരി. റവ. ഫാ. മാത്യു തടത്തിൽ വി.സി.. ആൻ്റ് ടീം ആണ് ധ്യാനത്തിന് നേതൃത്വം നൽകിയത്.
കൺവെൻഷൻ ഉദ്ഘാടനം കോട്ടപ്പുറം രൂപത വികാരി ജനറൽ, മോൺ. റോക്കി റോബിൻ കളത്തിൽ നിർവഹിച്ചു. അനേക വിശുദ്ധർ സുവിശേഷം പ്രസംഗിച്ച ഈ പുണ്യ ഭുമിയിൽ നിന്നുകൊണ്ട്, വചനസന്ദേശം കേൾക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മൾ എന്നും, ആത്മീയ നവീകരണങ്ങളാൽ നിറയാൻ ഈ ആത്മജ്വാല കൺവെൻഷൻ ഇടവരുത്തട്ടെയെന്നും മോൺ. തന്റെ പ്രഭാഷണ സന്ദേശത്തിൽ പറയുകയുണ്ടായി. വരാപ്പുഴ അതിരൂപത സഹായമെത്രാൻ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കൽ പിതാവ് അനുഗ്രഹസന്ദേശം നല്കി.
സമ്പാളൂർ വികാരി, റവ. ഡോ. ജോൺസൺ പങ്കേത്ത് സ്വാഗതം ചെയ്തു. മുതൽ 23 വരെ ആണ് കൺവെൻഷൻ ദിനങ്ങൾ. തുടർന്ന് നവംബർ 24 മുതൽ ഡിസംബർ 2 വരെ നവനാൾ ദിനങ്ങൾ, 3-ആം തീയതി ബുധനാഴ്ച തിരുനാൾ കൊടിയേറ്റവും ഇടവക ദിനവും, 6- ആം തീയതി ശനിയാഴ്ച ഊട്ടുതിരുനാൾ, ഡിസംബർ 7-ആം തീയതി ആഘോഷമായ തിരുനാൾ ദിനം. വിശുദ്ധന്റെ എട്ടാമിടം ഡിസംബർ 14-ആം തീയതിയും പതിനഞ്ചാമിടം 21-ആം തീയതിയും ആഘോഷിക്കപ്പെടും.
സഹവികാരി ആൽഫിൻ ജൂഡ്സനോടൊപ്പം, ട്രസ്റ്റിമാരായ, ഫ്രാൻസിസ് സിമേതി, ആഷ്‌ലി ഡി. റൊസാരിയോ, ബൈബിൾ കൺവെൻഷൻ കൺവീനർ ബെന്നി കല്ലറയ്ക്കൽ, തിരുനാൾ കൺവീനർ, ആൻ്റണി അവരേശ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഷൈൻ അവരേശ്, കേന്ദ്ര സമിതി പ്രസിഡന്റ് ജോമോൻ പിൻഹീരോ, വിശ്വാസപരിശീലന വിഭാഗം എച്ച്. എം. ഐവി ലൂയിസ്, എന്നിവർ നേതൃത്വം നൽകി.






