തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട് എം.എ. എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിക്കുനേരെ മദ്യപസംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ട്.
ചെങ്കോട്ടുകോണം സ്വദേശിയായ അൽ അമീനാണ് ആക്രമണത്തിനിരയായത്. കോളേജിലെ ആനുവൽ ഡേ ആഘോഷങ്ങൾക്കിടയിൽ പുറത്തുനിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആക്രമണത്തെ തുടർന്ന് അൽ അമീന്റെ ഒരു കണ്ണിലെ റെറ്റിനയ്ക്ക് ഗുരുതര ക്ഷതം സംഭവിക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
സംഭവത്തിൽ വെഞ്ഞാറമ്മൂട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്.






