ഇടുക്കി: എംപി ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകനെതിരെ പാർട്ടി നടപടി. ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായ അനൂപ് കോച്ചേരിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ നേതൃത്വം അറിയിച്ചു.
ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. ഡീൻ കുര്യാക്കോസ് എംപി വി ഡി സതീശന്റെ പോരാളിയാണെന്നും, എംപിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയാൽ ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകർ നിശബ്ദരായി നിൽക്കില്ലെന്നും അനൂപ് കോച്ചേരി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഡീൻ കുര്യാക്കോസിനെതിരെ സി പി മാത്യു നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായാണ് സമൂഹമാധ്യമ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ആഴ്ച ഡീൻ കുര്യാക്കോസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ സി പി മാത്യു, എംപിക്ക് “മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണ്” ഉള്ളതെന്ന് പരാമർശിച്ചിരുന്നു. എംപി തന്റെ ചുമതലകൾ നിർവഹിച്ചാൽ മതിയെന്നും, ഡിസിസി പ്രസിഡന്റിന്റെ ചുമതല താൻ നിർവഹിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇടുക്കി കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾക്കിടെയാണ് പുതിയ നടപടി. സംഭവത്തിൽ പാർട്ടി പ്രവർത്തകർക്കിടയിലും നേതൃത്വ തലത്തിലും ചർച്ചകൾ തുടരുകയാണ്.






