തിരുവനന്തപുരം: വീട്ടുമുറ്റത്തും പരിസരത്തുമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊഴിയൂർ പുല്ലുവേറ്റി സ്വദേശി അജിൻ (29) ആണ് നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അജിന്റെ വീട്ടുപറമ്പിൽ നിന്ന് വിവിധ വലിപ്പത്തിലുള്ള എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വീടിന് ചുറ്റുമുള്ള ഒഴിഞ്ഞ സ്ഥലങ്ങളിൽ നട്ടുവളർത്തിയിരുന്ന ചെടികൾ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
അതീവ ശ്രദ്ധയോടെയാണ് കഞ്ചാവ് ചെടികൾ പരിപാലിച്ചിരുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പിടിയിലായ അജിൻ മുമ്പും കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സ്വന്തം ആവശ്യത്തിനായാണ് കഞ്ചാവ് ചെടികൾ വളർത്തിയതെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.






