കോഴിക്കോട്: മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് വെട്ടിയതിനെ തുടർന്ന് ആദിവാസി യുവതിക്ക് ഗുരുതര പരിക്ക്. താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ മണൽവയൽ വെള്ളംകുന്ന് ആദിവാസി കോളനിയിലെ ഷിജിനയ്ക്കാണ് (30) തലയ്ക്ക് ആഴത്തിൽ വെട്ടേറ്റത്. സംഭവത്തിൽ ഭർത്താവ് ബിജുവിനെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ മദ്യലഹരിയിലായിരുന്ന ബിജു യാതൊരു പ്രകോപനവുമില്ലാതെ വാക്കത്തി ഉപയോഗിച്ച് ഷിജിനയെ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രക്തം വാർന്ന് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ ഷിജിനയെ ബന്ധുക്കളും സമീപവാസികളും ചേർന്നാണ് പ്രതിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഷിജിനയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ബിജു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കളും കോളനിവാസികളും ആരോപിച്ചു. മുൻപും പലതവണ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.






