റിയാദ്: സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ആക്രമണങ്ങളിൽ വിമാനത്താവളങ്ങൾക്ക് ഭാഗികമായി ഭൗതിക നാശനഷ്ടങ്ങളും സംഭവിച്ചു.
അബഹ വിമാനത്താവളത്തിലെ ആക്രമണം
ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശിനികളായ രണ്ട് പേർ കൊല്ലപ്പെട്ടു. സൗദി സ്വദേശികളും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരായ പ്രവാസികളും ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണം
ബുധനാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സുഡാൻ സ്വദേശിയായ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് സൗദി സ്വദേശികൾ, രണ്ട് ഈജിപ്ഷ്യൻ പൗരന്മാർ, ഒരു പാകിസ്താൻ പൗരൻ എന്നിവരടക്കം എട്ട് പേർക്ക് പരിക്കേറ്റു. പരിക്കുകൾ നിസാരമുതൽ ഗുരുതരമായവ വരെയാണെന്ന് അധികൃതർ വ്യക്തമാക്കി.
പരിക്കേറ്റ എല്ലാവരെയും ഉടൻ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി. ആക്രമണത്തെ തുടർന്ന് വിമാനത്താവള സമുച്ചയങ്ങളിൽ ചില ഭൗതിക നാശനഷ്ടങ്ങളുണ്ടായി.
സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ വിലയിരുത്തിവരികയാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ വ്യോമയാന സംവിധാനത്തിന്റെ സുരക്ഷ നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.



