തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരൻ സുനിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആദിത്യനും ഗുരുദാസിനെയും സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പ്രതികള്‍ക്ക് കൊട്ടേഷന്‍ കൊടുത്ത മണ്ണൂത്തി സ്വദേശി സിജോ, പ്രവാസി വ്യവയായും സിനിമാ നിര്‍മാതാവുമായ റാഫേലിന്‍റെ അടുത്തയാളാണെന്നും ക്വട്ടേഷന്‍ നല്‍കിയത് റാഫേലാണെന്നും രാഗം സുനില്‍ ആരോപിച്ചു.
സിനിമാ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം മുമ്പ് സിജോ തീയറ്ററിൽ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് നൽകിയ കേസിൽ സിജോയും റാഫേലും പ്രതികളായി. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ആക്രമണപരമ്പരയെന്ന് സുനിൽ ആരോപിച്ചു.
നേരിട്ട് ആക്രമണത്തിൽ പങ്കെടുത്ത മറ്റൊരാൾ കൂടി ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസി വ്യവസായിയെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സുനിൽ ഉന്നയിച്ച ആരോപണത്തെ കുറിച്ച് വ്യവസായിയുടെ പ്രതികരണം ലഭിച്ചിട്ടില്ല.










