നയ്പിഡോ: മ്യാൻമറിൽ പട്ടാളഭരണകൂടം പിടികൂടി തടവിലാക്കിയ മുൻ പ്രസിഡന്റ് ഓങ് സാൻ സ്യൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റി. ബുദ്ധപൂർണിമ പ്രമാണിച്ച് തടവുകാർക്ക് നൽകിയ പൊതുമാപ്പിൻറെ ഭാഗമായാണ് നടപടി. വീട്ടുതടങ്കലിലേക്ക് മാറ്റിയ വിവരം വ്യാഴാഴ്ച രാത്രിയാണ് ഭരണകൂടം അറിയിച്ചത്. ഇവരുടെ ആകെ ശിക്ഷാ കാലാവധിയിൽ നിന്ന് ആറിൽ ഒന്ന് കുറച്ചതായാണ് വിവരം. നിലവിൽ ഏകദേശം 18 വർഷം ശിക്ഷയാണ് ഇനിയും ബാക്കിയുള്ളത്.
2021 ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്യൂചിയെ നേരിട്ട് ആരും കണ്ടിട്ടില്ല. 2021 മെയ് 24-ന് കോടതിയിൽ കൊണ്ടുവന്നപ്പോഴാണ് ഇവരുടെ ചിത്രം പുറംലോകം കാണുന്നത്. വീട്ടുതടങ്കലിലേക്ക് മാറ്റുന്നത് അവർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യമല്ലെന്ന് ഇളയമകൻ കിം ആരിസ് പ്രതികരിച്ചു. അമ്മ ജീവനോടെയുണ്ടെന്നതിന് തെളിവ് നൽകണമെന്നും മകൻ ആവശ്യപ്പെട്ടു.




